ഇരിട്ടി: കൂട്ടുപുഴ പേരട്ടയിൽ വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽനിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പേരട്ട കുണ്ടേരി ഉപദേശിക്കുന്നിലെ പനക്കൽ ഹൗസിൽ അഖിലേഷ് (26) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്ത് സ്ഥാപിച്ച എർത്ത് കമ്പിക്ക് സമീപം മരിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച രാത്രി സമീപത്തെ വീട്ടിൽ പോയശേഷം 10.30 ഓടെയാണ് അഖിലേഷ് വീട്ടിൽ തിരിച്ചെത്തിയത്.
ഇതിനുശേഷം മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോൾ വീട്ടിലെ വൈദ്യുതി മെയിൻ സ്വിച്ച് ബോർഡിൽനിന്നു മുറ്റത്ത് സ്ഥാപിച്ച മഴമൂലം നനഞ്ഞുകിടന്ന എർത്ത് കമ്പിയിൽ ചവിട്ടിയപ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണു നിഗമനം.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. പനക്കൽ മോഹനൻ-കുസുമം ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനീഷ്, അഭിജിത്ത്.